"നാം ഇതിനെ മറികടക്കും.. നല്ല ദിനങ്ങൾ തിരിച്ചു വരും... നമ്മൾ വീണ്ടും ഒരുമിക്കും... മുൻനിരയിൽ പോരാടുന്നവർക്ക് നന്ദി"... രാജ്യത്തെ അഭിസംബോധന ചെയ്ത് ബ്രിട്ടീഷ് ഹെഡ് ഓഫ് സ്റ്റേറ്റ്.

കൊറോണ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് ഹെഡ് ഓഫ് സ്റ്റേറ്റായ ക്വീൻ ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തു. വെല്ലുവിളികൾ നിറഞ്ഞ ഈ ദിനങ്ങളിൽ ഓരോ കുടുംബത്തിനും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിലും ദു:ഖത്തിലും പങ്കു ചേരുന്നതായി ക്വീൻ സന്ദേശത്തിന് ആമുഖമായി പറഞ്ഞു. എൻഎച്ച്എസ് ഫ്രണ്ട് ലൈനിൽ ജോലി ചെയ്യുന്നവർ, കെയർ വർക്കേഴ്സ്, രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനായി ദിവസവും പ്രയത്നിക്കുന്ന മറ്റു കീ വർക്കേഴ്സ് എന്നിവർക്കും ക്വീൻ നന്ദി പ്രകാശിപ്പിച്ചു.
ഗവൺമെൻ്റിൻ്റെ നിർദ്ദേശമനുസരിച്ച് വീടുകളിൽ കഴിയുന്നവരോടും പ്രിയപ്പെട്ടവർ നഷ്ടപ്പെട്ടതിൻ്റെ വേദനയിൽ കഴിയുന്നവരോടും ക്വീൻ ഐക്യദാർഡ്യം അറിയിച്ചു. ഒത്തൊരുമയോടെയും ആത്മാഭിമാനത്തോടെ അച്ചടക്കം പാലിച്ചും നാമൊരുമിച്ച് ഇതിനെ തരണം ചെയ്യുമെന്ന് ക്വീൻ പറഞ്ഞു.
1940 ൽ സുരക്ഷാ കാരണങ്ങളാൽ കുട്ടികൾ മറ്റിടങ്ങളിലേയ്ക്ക് മാറിത്താമസിക്കേണ്ടി വന്ന അവസരത്തെക്കുറിച്ചും അന്ന് തൻ്റെ സഹോദരിയോടൊപ്പം നടത്തിയ ആദ്യ ബ്രാഡ്കാസ്റ്റിനെക്കുറിച്ചും ക്വീൻ സന്ദേശത്തിൽ അനുസ്മരിച്ചു. ഉറ്റവരിൽ നിന്ന് മാറിക്കഴിയേണ്ട ഈ അവസ്ഥ ആരും ആഗ്രഹിക്കുന്നതല്ല എങ്കിലും ഇതാണ് അഭിലഷണീയമെന്ന് ക്വീൻ ഓർമ്മിപ്പിച്ചു.
"നാം ഇതിനെ മറികടക്കും...നല്ല ദിനങ്ങൾ തിരിച്ചു വരും... നാം നമ്മുടെ സുഹൃത്തുക്കളോടൊപ്പം വീണ്ടും ഒന്നിക്കും... നാം നമ്മുടെ കുടുംബങ്ങളോട് ചേരും... നമ്മൾ വീണ്ടും കണ്ടുമുട്ടും... എല്ലാവർക്കും എൻ്റെ നന്ദിയും ഊഷ്മളമായ ശുഭാശംസകളും"... ബ്രിട്ടീഷ് ഹെഡ് ഓഫ് സ്റ്റേറ്റ് തൻ്റെ സന്ദേശം സംഹരിച്ചു.
അപൂർവ്വമായിട്ടാണ് ക്രിസ്മസ് അവസരത്തിലൊഴികെ ക്വീൻ രാജ്യത്തോട് സംവദിക്കാറുള്ളത്. കൊറോണ ക്രൈസിസിൽ അകപ്പെട്ട രാജ്യത്തെ ജനതയ്ക്കും ഫ്രണ്ട് ലൈനിൽ പോരാടുന്നവർക്കും ധാർമ്മിക പിന്തുണ നല്കുവാനാണ് ക്വീൻ പ്രത്യേക സന്ദേശം നല്കിയത്. ഇതിനു മുമ്പ് മൂന്ന് അവസരങ്ങളിൽ മാത്രമേ ക്വീൻ രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്തിട്ടുള്ളൂ. ക്വീനിൻ്റെ മാതാവിൻ്റെ നിര്യാണം നടന്ന 2002, ഡയാനയുടെ മരണം നടന്ന 1997, ഗൾഫ് യുദ്ധം നടന്ന 1991 എന്നീ അവസരങ്ങളിലാണ് മുൻപ് ക്വീൻ സ്പെഷ്യൽ ബ്രോഡ്കാസ്റ്റ് നടത്തിയത്.
ബ്രിട്ടണിലും കോമൺവെൽത്തിലുമുൾപ്പെടെ ലോകമെമ്പാടുമുള്ള മില്യൺ കണക്കിനാളുകൾ ക്വീനിൻ്റെ സ്പെഷ്യൽ ബ്രോഡ്കാസ്റ്റ് തത്സമയം വീക്ഷിച്ചു.
LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS
FOCUS FINSURE LTD.... FOR MORTGAGE AND INSURANCE