പ്രവാസികൾക്കായി കരുതലോടെ... യുഎസിനടുത്തുള്ള കെയ്മാൻ ഐലൻഡിൽ നിന്നും ചെന്നൈയിലെത്തുന്ന 27 മലയാളികളെ കേരളത്തിലെത്തിക്കാൻ കേരള മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടൽ

ബിനോയി ജോസഫ്

നാടണയാൻ കൊതിക്കുന്ന പ്രവാസികൾക്കായി കേരളത്തിലെ ഗവൺമെൻ്റും മുഖ്യമന്ത്രി പിണറായി വിജയനും സർക്കാർ വകുപ്പുകളും കരുതലോടെയും ഉത്തരവാദിത്വപൂർണവുമായ പ്രവർത്തനം നടത്തുന്നതിൻ്റെ ശുഭവാർത്തയാണ് യുഎസിനടുത്തുള്ള കെയ്മാൻ ഐലൻഡിൽ നിന്ന് ലഭിക്കുന്നത്. കൊറോണ വ്യാപനം നിയന്ത്രിക്കാൻ ഫലപ്രദമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിനൊപ്പം തന്നെ തിരിച്ചെത്തുന്ന പ്രവാസികളെ സുരക്ഷിതമായി കേരള മണ്ണിലെത്തിക്കുവാൻ വേണ്ട മനുഷ്യത്വപരമായ എല്ലാ പിന്തുണയും സർക്കാർ ഒരുക്കുന്നതിൻ്റെ ഉത്തമോദാഹരണമാണിത്. ബ്രിട്ടൻ്റെ അധീനതയിലുള്ള കെയ്മാൻ ഐലൻഡ്സിൽ മുന്നൂറോളം ഇന്ത്യാക്കാരാണ് ഉള്ളത്. ഇതിൽ 27 മലയാളികളുമുണ്ട്. ടൂറിസം ഇൻഡസ്ട്രിയാണ് 70,000 ത്തോളം ജനസംഖ്യയുള്ള ഈ ഐലൻഡിൻ്റെ പ്രധാന വരുമാനമാർഗം. കൊറോണ ക്രൈസിസുമൂലം ജോലി നഷ്ടപ്പെട്ട നിരവധി പേർ കഴിഞ്ഞ മൂന്നു മാസമായി വരുമാനമൊന്നുമില്ലാതെ ഇവിടെ കഴിയുകയാണ്.

കെയ്മാൻ ഐലൻഡിൻ്റെ ഗവർണർ മാർട്ടിൻ കീത്ത് റോപ്പർ ഡൽഹിയിലുള്ള ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലേയ്ക്ക് മടങ്ങുന്നവർക്കായി ജൂലൈ 5 ന് രാവിലെ 10 മണിക്ക് ചെന്നൈയിൽ എത്താവുന്ന രീതിയിൽ സ്പെഷ്യൽ ഫ്ളൈറ്റ് ഷെഡ്യൂൾ ചെയ്ത് നൽകിയിട്ടുണ്ട്. കെയ്മാനിൽ നിന്നും ഇവരുടെ സംഘം ആദ്യം ലണ്ടനിലാണ് എത്തുന്നത്. ഇതിനായുള്ള ട്രാൻസിറ്റ് വിസ സംബന്ധമായ നടപടികൾ നടന്നുവരികയാണ്. അതിനു ശേഷം ഖത്തർ എയർവേയ്സിൻ്റെ ഫ്ളൈറ്റിൽ ചെന്നൈ എയർപോർട്ടിൽ ലാൻഡ് ചെയ്യും. തുടർന്ന് കുട്ടികളും ഗർഭിണികളുമടങ്ങുന്ന 27 പേരടങ്ങുന്ന ഗ്രൂപ്പിന് കേരളത്തിലേയ്ക്ക് യാത്ര ചെയ്യേണ്ടതുണ്ട്. ചെന്നൈയിൽ ഏഴ് ദിവസം ക്യാരൻറീനിൽ കഴിയുന്നത് ഒഴിവാക്കിത്തരാനും കേരളത്തിലെത്തി ക്യാരൻറിനിൽ പ്രവേശിക്കുവാനും സൗകര്യമൊരുക്കുവാൻ കേരള ഗവൺമെൻറിൻ്റെ ഇടപെടൽ അഭ്യർത്ഥിച്ചാണ് കെയ്മാനിലെ മലയാളി കമ്യൂണിറ്റിയ്ക്ക് വേണ്ടി രാഹുൽ മനോഹരൻ കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറേയും ട്രാൻസ്പോർട്ട് മന്ത്രി എ കെ ശശീന്ദ്രനെയും ഇമെയിൽ വഴി ബന്ധപ്പെട്ടത്. ചെന്നൈയിലെ ക്വാരൻ്റീൻ ഒഴിവാക്കിത്തരാൻ കേരള ഗവൺമെൻ്റ് സഹായിക്കണമെന്ന അപേക്ഷയിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് നടപടിയെടുത്ത് ബന്ധപ്പെട്ട ഡിപ്പാർട്ടുമെൻ്റുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ കൊടുത്തു കഴിഞ്ഞു.

ചെന്നൈയിൽ നിന്നും എക്സിറ്റ് പാസും കേരളത്തിലേയ്ക്കുള്ള എൻട്രി പാസും ഒരുക്കുക എന്നതാണ് പ്രധാനമായും ചെയ്യുവാനുള്ളത്. കൂടാതെ ചെന്നൈയിലെ ക്വാൻറീൻ ഒഴിവാക്കിക്കിട്ടാൻ തമിഴ്നാട് ഗവൺമെൻ്റ് പ്രത്യേക ഉത്തരവ് നൽകേണ്ടതുണ്ട്. ഇതു സംബന്ധിച്ചുള്ള നടപടികൾക്കായി മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.ശിവശങ്കർ ഐഎഎസ് നോർക്ക റൂട്ട്സിന് നിർദ്ദേശം നല്കിയിട്ടുണ്. ഉടൻ തന്നെ തമിഴ്നാട് അധികൃതരെ ബന്ധപ്പെട്ട നോർക്ക റൂട്ട്സ്, ക്വാരൻ്റീൻ ഒഴിവാക്കി കിട്ടാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. കെയ്മാനിൽ നിന്ന് എത്തുന്നവരുടെ പൂർണ വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ മനോഹരനെ നോർക്ക റൂട്ട്സ് ബന്ധപ്പെട്ടിരുന്നു. കെയ്മാൻ മലയാളി അസോസിയേഷൻ്റെ അഭ്യർത്ഥനയെ തുടർന്ന് ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എംപി ഡോ. ശശി തരൂരും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ ഇളങ്കോവൻ ഐഎഎസിന് എഴുതിയിരുന്നു.

പ്രവാസികൾക്ക് കൈത്താങ്ങായി കേരള സർക്കാരിൻ്റെ മെഷീനറി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്നതിൽ കെയ്മാനിലെ മലയാളി സമൂഹം സന്തോഷം പ്രകടിപ്പിച്ചു. എത്രയും പെട്ടെന്ന് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് യാത്ര ചെയ്യാനുള്ള അപ്രൂവൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാഹുൽ മനോഹരൻ ഗ്ലോബൽ ന്യൂസ് പ്രീമിയറിനോട് പറഞ്ഞു.

Other News